Monday, February 14, 2011

Pranayavarnam


പ്രണയത്തിന് വില 12000 കോടി
Posted on: 14 Feb 2011


ന്യൂഡല്‍ഹി: വാലന്റൈന്‍സ് ദിനമെത്തിയതോടെ യുവാക്കളും യുവതികളും പ്രണയ സമ്മാനങ്ങള്‍ കൈമാറുന്ന തിരക്കിലാണ്. ഇതിനായി എത്ര ചെലവാക്കാനും ഇവര്‍ക്ക് മടിയില്ല. കമിതാക്കള്‍ക്ക്് വ്യത്യസ്തമായ സ്‌നേഹസമ്മാനങ്ങള്‍ കൈമാറാനുള്ള ഇവരുടെ തിരക്കുകൂട്ടലിനിടയില്‍ വിപണിയില്‍ മറിയുന്നത് 12000 കോടി രൂപ.

റോഡരികിലെ പൂക്കച്ചവടക്കാര്‍ മുതല്‍ രാജ്യത്തെ ടെലികോം ഓപ്പറേറ്റര്‍മാര്‍ വരെ ഉള്‍പ്പെടുന്നതാണ് പ്രണയദിന വിപണി. പട്ടണങ്ങളില്‍ റെസ്റ്റോറന്റുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍, കോഫീ ഷോപ്പുകള്‍, പബ്ബുകള്‍ എന്നുവേണ്ട നാലാള്‍ കൂടുന്നിടത്തെല്ലാം കച്ചവടം പൊടിപൊടിക്കുന്നു. ഗ്രീറ്റിങ് കാര്‍ഡുകള്‍ക്കും, ഗിഫ്റ്റുകള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. വാലന്റൈന്‍ വിപണിക്കായി 171 പുതിയ ഡിസൈനുകളാണ് ആശംസാ കാര്‍ഡുകളില്‍ ആര്‍ച്ചീസ് അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ വില 50 രൂപയ്ക്കും 699 രൂപയ്ക്കുമിടയിലാണ്. കൂടാതെ 220 തരം ആഭരണപ്പെട്ടികളും, ഹൃദയത്തിന്റെ ആകൃതിയിലുള്ള സോഫ്റ്റ് ടോയ്‌സും, ഫോട്ടോ ഫ്രേമുകളുമൊക്കെ അണിനിരത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ മൊത്തം വില്‍പ്പനയുടെ 16 ശതമാനവും ഫിബ്രവരി ഏഴ് മുതല്‍ പതിനാല് വരെയുള്ള ദിവസങ്ങളിലാണെന്ന് ആര്‍ച്ചീസ്. ആര്‍ച്ചീസിന് പുറമെ മറ്റൊരു പ്രമുഖ ബ്രാന്‍ഡായ ഹാള്‍മാര്‍ക്കിന്റെ കാര്യവും വ്യത്യസ്തമല്ല.

വാലന്റൈന്‍ വാരം ഫിബ്രവരി ഏഴാം തീയതിയോടെയാണ് തുടങ്ങുന്നത്. ഈ ദിനത്തിന് റോസ് ഡേ എന്നാണ് പേര്. ഫിബ്രവരി 8ന് പ്രൊപോസല്‍ ഡേയെത്തുന്നതോടെ വിപണിയില്‍ തിരക്കു തുടങ്ങുകയായി. ഫിബ്രവരി ഒമ്പത് ചോക്ലേറ്റ് ഡേ ആയും 10 ടെഡ്ഡീ ഡേ ആയും അറിയപ്പെടുന്നു. ഫിബ്രവരി 11 പ്രോമിസ് ഡേയും, 12 കിസ് ഡേയുമാണ്. ഫിബ്രവരി 13 ഹഗ് ഡേ കഴിയുന്നതോടെയാണ് ലോകം മുഴുവന്‍ ആഘോഷിക്കുന്ന വാലന്റൈന്‍സ് ഡേ.

സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ വാലന്റൈന്‍ ആഘോഷങ്ങള്‍ക്കായി 5000 രൂപയ്ക്കും 1.50 ലക്ഷം രൂപയ്ക്കുമിടയില്‍ ചെലവിടാന്‍ യുവാക്കളും യുവതികളും തയ്യാറാണെന്നാണ് അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്(അസോചാം) നടത്തിയ സര്‍വെ വ്യക്തമാക്കുന്നത്. ഇത്തവണ വാലന്റൈന്‍ ദിനാഘോഷങ്ങള്‍ക്കായുള്ള ചെലവ് മുന്‍ വര്‍ഷത്തെക്കാള്‍ 120 ശതമാനം കൂടുതലായിരിക്കുമെന്നും അസോചാം സെക്രട്ടറി ജനറല്‍ ഡി.എസ് റാവത്ത് അഭിപ്രായപ്പെടുന്നു.

സമ്മാനങ്ങള്‍ക്കിടയില്‍ വ്യത്യസ്തത പുലര്‍ത്താനാണ് ഏവരുടെയും ശ്രമം. വിവിധ നിറത്തിലുള്ള 365 റോസാ പുഷ്പ്പങ്ങളാണ് ബി.പി.ഒ കമ്പനിയില്‍ ജോലി ചെയ്യുന്ന അതുല്‍ ഭാര്‍ഗവ് തന്റെ കാമുകിയ്ക്ക് സമ്മാനമായി നല്‍കിയത്്.

റോഡരുകിലെ പൂക്കച്ചവടക്കാര്‍ക്കും ഇത് ഉത്സവകാലം തന്നെ. 400 രൂപ മുതല്‍ 10,000 രൂപ വരെ വിലവരുന്ന ഹൃദയാകൃതിയിലുള്ള ബൊക്കെകള്‍ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത്. കൂടാതെ ചൈനയില്‍ നിന്നും തായ്‌ലാന്‍ഡില്‍ നിന്നുമൊക്കെ ഇറക്കുമതി ചെയ്ത കൃത്രിമ പുഷ്പങ്ങള്‍ക്കും വിപണിയില്‍ നല്ല ഡിമാന്‍ഡുണ്ട്. കൂടാതെ വജ്രാഭരണങ്ങള്‍ക്കും, ചോക്ലേറ്റുകള്‍ക്കും, ബ്രേസ്‌ലറ്റുകള്‍ക്കും, മൊബൈല്‍ ഫോണുകള്‍ക്കുമെന്ന് വേണ്ട നോട്ട്ബുക്ക് കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ക്കു വരെ ആവശ്യക്കാരുണ്ട്.

വാലന്റൈന്‍ ദിനം സ്‌ട്രോബറി കര്‍ഷകര്‍ക്കും മികച്ച നേട്ടമാണുണ്ടാക്കിയത്. ഹൃദയാകൃതിയിലുള്ള സ്‌ട്രോബറി പഴം പ്രണയത്തിന്റെ പ്രതീകമായാണ് കാണുന്നത്. ദിനംപ്രതി 50 മുതല്‍ 75 ട്രേ സ്‌ട്രോബറി വിറ്റഴിച്ചിരുന്ന സ്ഥാനത്ത് 150 മുതല്‍ 200 ട്രേ വരെ വില്‍ക്കാനയതിന്റെ സന്തോഷത്തിലാണ് ഹിമാചലിലെ സ്‌ട്രോബറി കര്‍ഷകര്‍. ഒരു ട്രേ സ്‌ട്രോബറിക്ക് മൊത്ത വിപണിയില്‍ 50 രൂപയ്ക്കും 70 രൂപയ്ക്കുമിടയിലാണ് വില. ചണ്ഡീഖഡ്, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും സ്‌ട്രോബറി എത്തുന്നത്. 
Posted: Mathrubhumi Article

No comments:

Post a Comment